2016, ഡിസംബർ 15, വ്യാഴാഴ്‌ച

രാജാക്കന്മാരുുടെ പിന്നില്‍..

അവന്‍ രാജാവും അവള്‍ ഒരു രാജ്ഞിയുമായി. രണ്ടാളുടേയും ജീവിത പന്ഥാവ് ദുര്‍ഘടവും അത്യന്തം ക്ളേശകരവുമായിരുന്നു. വര്‍ഷകാലത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ആ കൂടപ്പിറപ്പുകള്‍ കീറപ്പുതപ്പുുകൊണ്ട് തണുപ്പകറ്റാന്‍ മത്സരിച്ചു.അതേ സമയം ചോരുന്ന വെള്ളം ഒഴുകി പ്പരക്കാതിരിക്കാന്‍ പാത്രങ്ങള്‍ നിരത്തി വയ്ക്കുകയായിരുന്നു അമ്മ. തണുത്ത കാറ്റ് അകത്തേക്ക് വീശിയടിക്കുമ്പോള്‍ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്‍റെ നാളം കെടാതിരിക്കാന്‍ അമ്മ മെലിഞ്ഞ കൈകള്‍ കൊണ്ട് കവചം തീര്‍ത്തിരുന്നു. അമ്മ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു.ആകെയുള്ള രണ്ടുടുപ്പുകള്‍ എന്നും അലക്കി വച്ച് അമ്മ വസ്ത്ര ദാരിദ്ര്യം മറവിയിലാക്കി.ഒഴിഞ്ഞ അരി പാത്രത്തിനെ അക്ഷയ പാത്ര മാക്കിയ അമ്മയുടെ ഇന്ദ്രജാലം! പിന്നീടതും അറിഞ്ഞു..അയലത്തെ വലിയവീട്ടില്‍ ഇപ്പോഴും അമ്മ കടക്കാരിയാണ്!!പനിപിടിച്ച നാളുകളില്‍ അമ്മ ഏതു മരുന്നു കൊണ്ടാണ് ഉറക്കം അകറ്റി അവനും അവള്‍ക്കുമൊപ്പം ഉണര്‍ന്നിരുന്നത്?ഒരിക്കലും അമ്മയ്ക്കു മാത്രം പനി വന്നില്ല.അവര്‍ കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ അമ്മയുടെ മക്കളും, മിടുക്കു കാട്ടുമ്പോള്‍ അച്ഛന്‍റെ മക്കളുമായി..പുകയടങ്ങാത്ത അടുപ്പില്‍ ഊതിയൂതി ഉണ്ടാക്കി വച്ച ഭക്ഷണത്തിന്‍റെ സ്വാദിനെ കുറ്റപ്പെടുത്തി അവര്‍ അകന്നപ്പോള്‍ അമ്മ അടുപ്പിനേയും വിറകിനേയും ശകാരിച്ചു.ചുവന്നു കലങ്ങിയ കണ്ണുകള്‍ ആരും കണ്ടില്ല ..വെണ്ണീരു  പുരണ്ട് ചുളിഞ്ഞും തൊലി വിണ്ടു പോയതുമായ ആ കൈകളുടെെ തലോടല്‍ അവര്‍ക്കിഷ്ടമായിരുന്നില്ല.അവരുടെ വാത്സല്യാലിംഗനങ്ങള്‍ക്ക് പുകയുടേയും വിയര്‍പ്പിന്‍റേയും ഗന്ധമുണ്ടെന്നും ഈര്‍പ്പത്തിന്‍റെ മുശിടുമുണ്ടെന്ന് അവര്‍ പറഞ്ഞു.ഉള്ളകങ്ങളില്‍ ആയിരം വട്ടം മകനേയും മകളേയും ആലിംഗനം ചെയ്തും ഓമനിച്ചും മൂര്‍ദ്ധാവില്‍ അനുഗ്രഹത്തിന്‍റെ ഉമ്മകള്‍ നല്‍കിയും മക്കള്‍ വൈകിയെത്തുന്ന വഴികളില്‍ ആകാംക്ഷയുടെ വലിയ സമുദ്രം ഇരമ്പുന്ന കണ്ണുകളുമായി അമ്മ കാത്തു നിന്നു. വിശ ദീകരണത്തിന് അസഹ്യത യുടെ മറുപടി പറഞ്ഞ് അവര്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ വിശക്കുന്ന വയറുകള്‍ അമ്മയെ നൊമ്പരപ്പെടുത്.കാല ചക്ര മുരുണ്ട് മുന്നാക്കം കുതിക്കുമ്പോള്‍ അവര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിപ്പോയി. നേട്ടങ്ങളില്‍ അഭിമാനം കൊണ്ട് അമ്മ 'എന്‍റെ മക്കള്‍  എന്‍റെ മക്കള്‍ ' എന്നാവര്‍ത്തിച്ചു. മുടിനാരുകളില്‍ വെള്ളി പടര്‍ന്നത് എന്നാണെന്നറിയില്ല, കണ്ണുകളില്‍ തിമിരത്തിന്‍റെ പാട കനത്തത് എന്നാണെന്നറിയില്ല..അടുക്കളയില്‍ അമ്മയുടെ ഇരിപ്പിടം ഒഴിഞ്ഞില്ല.ആദ്യന്തം അമ്മ ഒരേയിടങ്ങളില്‍ തന്നെ..

അവന്‍ രാജാവായപ്പോഴും അവള്‍ രാജ്ഞിയായപ്പോഴും വീട്ടിന്‍റെ അടുക്കളയില്‍  അടുപ്പൂതി തീ പിടിപ്പിക്കുന്ന ശബ്ദ മുണ്ട്..
എണ്ണക്കും കുഴമ്പിനും വഴങ്ങാത്ത സന്ധികള്‍ സ്വൈ്വൈര്യം കെടുത്തിയ കാലുകള്‍ വലിച്ചു വച്ച് അമ്മ നടന്നതിന്‍റെ അവതാളമുണ്ട്..
മച്ചും നോക്കി കിടന്ന നാളിലൊരു ഊര്‍ദ്ധന്‍ വലി നിലയ്ക്കുന്നതിനു മുമ്പ് അമ്മ പറഞ്ഞത്രേ 'എന്‍റെ മക്കളെയൊന്നു കാണണം'...
തിരക്കിന്‍റെ ലഹരിയില്‍ പെട്ട രാജാവേ അങ്ങ് അതറിഞ്ഞിരുന്നുവോ?
രാജ്‌ഞീ അവിടുന്നതറിഞ്ഞിരുവോ?
എന്കിലും കാതിലെ തോടയും പിന്നാമ്പുറത്തെ പറമ്പിന്‍റെ ആധാരവും അമ്മയുടെ  തലയണക്കടിയില്‍ നിന്നും എടുക്കാന്‍ രണ്ടാളും മറന്നില്ലല്ലോ!!
ഇനി ആണ്ടിലൊരു ശ്രാദ്ധം നടത്താന്‍ നിങ്ങള്‍ വന്നേയ്ക്കുമോ?
ഏയ്... കാലശേഷം എന്തിന്?
രാജാക്കന്‍മാരേയും രാജ്ഞികളേയും സൃഷ്ടിച്ചെടുക്കാന്‍ അടുക്കളയുടെ പിന്നാമ്പുറങ്ങളില്‍ ജീവിതം ഹോമിച്ച് വിസ്മൃതിയിലായ അമ്മമാരുടെ പുണ്യത്തിനു മുമ്പില്‍ ഈ വാക്കുകള്‍ സമര്‍പ്പിക്കുന്നു..
''അമ്മേ അവിടുത്തെ കാല്‍ക്കീഴിലാണ് ഞങ്ങളുടെ സ്വര്‍ഗ്ഗം..''

3 അഭിപ്രായങ്ങൾ:

  1. In reality many new generation mothers are much different...Many of them find it very stupid to be a mother....And even biological mothers find it very eazy to discard their kids for short materialistic interests....

    മറുപടിഇല്ലാതാക്കൂ
  2. Absolutely..its a remainder for those 'new gen moms'..and written on behalf for yhe exceptions..Thank you for reading

    മറുപടിഇല്ലാതാക്കൂ