2016, ഡിസംബർ 11, ഞായറാഴ്‌ച

റോള്‍ഡ് ഗോള്‍ഡ്

തിരക്കിട്ടൊരുങ്ങുന്നതിനിടയില്‍ എന്‍റെ കൈയ്യിലെ നീലപളുന്കു മാല അമ്മ പിടിച്ചു വാങ്ങി.
'ഇത് വേണ്ടാ ന്നു പറഞ്ഞില്ലേ അതെട്ത്തിട്''
അമ്മ ആക്രോശിച്ചു.അല്ലെന്കിലും തിരക്കിടുമ്പോള്‍ ഇതാണ് പതിവ് ,അമ്മയുടെ ദേഷ്യം..!
ഒരു ഗ്രാം തന്കത്തില്‍ പൊതിഞ്ഞ മാല ചൂണ്ടിയാണ് അമ്മ പറഞ്ഞത്.അതിടാന്‍ എനിക്കു ഇഷ്ടമേയല്ല. കഴിഞ്ഞ മാസമാണ് അമ്മയുടേയും എന്‍റേയും സ്വര്‍ണ്ണാഭരണങ്ങളെല്ലാം അച്ചന്‍ പണയപ്പെടുത്തിയത് ,വീടിന്‍റെ ആവശ്യത്തിന്.
''എത്രോര് വരുംന്നറിയാമോ ബന്തുക്കളെല്ലാം കാണും അതിനെടേല് ഒരുതരിസ്വര്‍ണ്ണല്ലാതെ നാണക്കേട്..നീയിതിട്''അമ്മ  നിര്‍ബ്ബന്ധിക്കുന്നു.
'' അതിനിത് സ്വര്‍ണ്ണല്ലല്ലോ'' ഞാന്‍ തര്‍ക്കിച്ചു നോക്കി.
''സ്വര്‍ണ്ണം പോല തന്നല്ലേ..ഇടിട്..''
അമ്മ വീണ്ടും മുഖം കടുപ്പിച്ചു. മനസ്സില്ലാമനസ്സോടെ ആ മാലയെടുത്തിട്ട് അമ്മയ്ക്കൊപ്പം ഇറങ്ങി. രണ്ടു നാള്‍ക്കുള്ളില്‍  കൊച്ചുമാമന്‍റെ കല്യാണമാണ്.അതിന് അമ്മ വീട്ടിലേക്കുള്ള പോക്കാണിത്. അമ്മയുംഅണിഞ്ഞിരിക്കുന്ന മാലയും വളയും ഒക്കെ സ്വര്‍ണ്ണം പൂശിയതാണ്. എന്തിനാണീ വേണ്ടാതീനം എന്ന് ഞാന്‍ യാത്രയില്‍ മൊത്തം ആലോചിച്ചു.സ്വര്‍ണ്ണമല്ല പക്ഷേ സ്വര്‍ണ്ണം പോലെ തോന്നണമത്രേ!ആര്‍ക്കു തോന്നണമെന്നാണ്? അഥവാ തോന്നിയാലും എന്താ നമുക്ക് ലാഭം!!ഞാന്‍ കൂടെക്കൂടെ ചിന്തിച്ചു.
''എന്താടീ സുമേ നീ മാത്രം വന്നത്? അജിത്തെവിടെപ്പോയി?''
ചെന്നയുടനെ പിടിച്ച പിടിയാലെ ഗിരിജ വല്യമ്മ ചോദിച്ചു.
''അജിച്ചേട്ടന്‍ ബിസിനസ് ടൂറിലാ..മറ്റന്നാളേ എത്തൂ.  കല്യാണത്തിന്‍റന്നുണ്ടാവും''അമ്മ നിര്‍ല്ലോഭം കള്ളം പറയുകയാണ്.
''അമ്മ വീട്ടുകാരുമായി പിണക്കത്തിലായതുകൊണ്ട് അച്ഛന്‍ മനപ്പൂര്‍വ്വം വരാതെ വീട്ടിലിരിയ്ക്കുകയാണ്.മൂന്നു ദിവസം അച്ഛന്‍ ചില കൂട്ടുകാരോടൊപ്പം.....
''അമ്മാ അച്ഛന്‍ വീട്ടിലുണ്ടല്ലോ ,പിന്നെന്തിനാ''
ഞാന്‍ പതിയെ തിരക്കി.
''ശ് ശ് ആരു ചോദിച്ചാലും അച്ഛന്‍  ബിസിനസ് ടൂറിലാന്നേ പറയാവൂ''അമ്മ എന്‍റെ കൈത്തണ്ടയില്‍ ഒന്നു പിച്ചി പിന്നെ പല്ലു കടിച്ച് എതിരേ വരുന്ന സുധാമ്മായിയെ നോക്കി പു റമേ ഒരു ചിരി വരച്ച് പറഞ്ഞു..തുടര്‍ച്ചയെന്ന വണ്ണം
''......അയ്യോ നാത്തൂനെ ക്ഷീണിച്ചു പോയല്ലോ ''എന്നു പറഞ്ഞ് അവരോടൊപ്പം പോയിി. സുധാമ്മായിയുടെ കണ്ണുകള്‍ എന്‍റെയും അമ്മയുടേയും ആഭരണങ്ങളില്‍ ഓട്ട പ്രതിക്ഷണം നടത്തിയത് കണ്ടു.അമ്മയുടെ വീതിയേറിയ 'അപരസ്വര്‍ണ്ണ'ത്തിനെ അസൂയയോടെ നോക്കി അമ്മായി ചോദിക്കുന്നു.
''ഇതെത്ര പവനൊണ്ടെെടീ''
''അഞ്ചൊണ്ട് നാത്തൂനേ'' അമ്മ യാതോരു ഭാവഭേദവുമില്ലാതെ പറഞ്ഞു.
ങ്ഹേ!! അമ്മ എന്തായീ പറയുന്നത്!!
ഞാന്‍ അതിശയത്തോടെ അമ്മയുടെ പോക്കു നോക്കി നിന്നു.അപര്‍ണ്ണയും അശ്വതിയും ഒക്കെ കൂടിയിരുന്ന് കളിക്കുന്നതിനൊപ്പം കൂടി.അപ്പോഴാണ് അടുത്ത സുനാമി വന്നത് അത് അപ്പച്ചിയായിരുന്നു.
''പരീക്ഷക്ക് മാര്‍ക്കൊക്കെ എങ്ങനുണ്ട് മായ മോളേ''
അതൊരു കനത്ത ചോദ്യമായിരുന്നു.പരീക്ഷയുടെ മാര്‍ക്കിനെക്കുറിച്ച് ഓര്‍ത്താല്‍ എനിക്കു തന്നെ തമാശയാണ്. പക്ഷേ ഇത്തവണയും അമ്മ രക്ഷിച്ചു.
''നല്ല മാര്‍ക്കുണ്ട്..ക്ളാസ് ഫസ്റ്റ് ആണ്''
ങ്ഹേ!!!
ക്ളാസ്ഫസ്റ്റ് എനിക്കോ?!!!
അതിനടുത്തെത്താന്‍ തന്നെ പത്തുപന്ത്രണ്ട് മാര്‍ക്കിന്‍റെ ദൂരം ഓരോ വിഷയത്തിനും ഇനിയും താണ്ടണം..അപ്പോഴാണ്..!
അച്ഛന്‍റൊപ്പം ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ അച്ഛന്‍ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു.സ്കൂള്‍ബസ് ഇന്നും കിട്ടിയില്ല ,അതു കാരണം വൈകി..ടീച്ചറിന്‍റെ വഴക്കു കേള്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ഞാന്‍ .
''അയ്യോ ഞാന്‍ സ്ഥലത്തില്ലല്ലോ..ഡല്ലീലാണ് ഇപ്പോ നാളെയേ എത്തൂൂ'' അച്ഛന്‍ പറയുന്നു.
ഡല്‍ഹി! അവിടെ അച്ഛന്‍ പോയിട്ടുള്ളതായി ഒരറിവും എനിക്കില്ല.
കഴിഞ്ഞ ആഴ്ച്ച അച്ഛന്‍ ലീവെടുത്തത് പനിയാണെന്നു പറഞ്ഞാണ്. അന്ന് അച്ഛന്‍ സുഹ്യത്തുക്കളോടൊപ്പം പിക്നിക്കിന് പോയിരുന്നു .
ടീച്ചര്‍ തിരക്കി ''മായ എന്താ ലേറ്റായത്?''
''അച്ഛന്‍ ഡല്ലീലായിരുന്നു രാവിലെ വന്നേയുള്ളൂ അതോണ്ട്..''
ഞാന്‍ പറഞ്ഞു.
പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടി . മാര്‍ക്ക് കുറഞ്ഞവരെല്ലാം അച്ഛനേയോ അമ്മയേയോ കൊണ്ടു സ്കൂളില്‍ ചെല്ലണം. അമ്മ വരില്ല.ആദിത്യന്‍റെ അമ്മ എന്‍റമ്മയുടെ കൂട്ടുകാരിയാണ്. ആദിത്യന് എല്ലാത്തിനും ഫുള്‍ മാര്‍ക്കാണ്.അതിനാല്‍ നാണക്കേടു കാരണം അമ്മ വരില്ല. അച്ഛന്‍ തീരെയും.അതുകൊണ്ടു പറഞ്ഞു
''ടീച്ചര്‍ എന്‍റച്ഛന് സുഖമില്ല ,ഹോസ്പിറ്റലിലാണ്. അതോണ്ട് അച്ചനുമമ്മയും വരൂല്ല''
ടീച്ചര്‍ ശരി പറഞ്ഞിരുത്തി.
''എടീ നിനക്ക് പ്രോഗ്രസ് കാര്‍ഡ് കിട്ടീലെ..'' അമ്മ ക്രുദ്ധയായി.
''ഇല്ല'' ഞാന്‍  പറഞ്ഞു
''സത്യം പറയെടീ കിട്ടീലെ?''
''ഇല്ല. ടീച്ചറ് ഡല്ലീപ്പോയി''
''ഡല്ലീലോ..സത്യം തന്നേ?''
ഞാന്‍ ആണെന്നു തലയാട്ടി.അമ്മയുടെ അഞ്ചു പവന്‍റെ 'അപരസ്വര്‍ണ്ണം' കഴുത്തില്‍ ക്ളാവു പടര്‍ത്തുന്നതില്‍ ആവലാതി പറഞ്ഞ് അമ്മ പോകുമ്പോള്‍ സത്യം എവിടെയെല്ലാമോ കുരുങ്ങി ക്കിടന്ന് തുറന്നുവിടാന്‍ ശബ്ദമില്ലാതെ ആവശ്യപ്പെട്ടു.


5 അഭിപ്രായങ്ങൾ:

 1. Seems to be very realistic in a contemporary malayali family...the CONSCIENCE of child to tell the truth is evident..and realistic too..Good work Good start... excellent writing style

  മറുപടിഇല്ലാതാക്കൂ
 2. ഹോ! അവസാനം സമ്മതിച്ചു ..Thanks for reading

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം.നല്ല കഥ.ആശംസകൾ.മറ്റുള്ള ബ്ലോഗുകളിലും സമയമുണ്ടാക്കിപ്പോകൂ.ഇങ്ങനൊരാൾ ഇവിടുണ്ടെന്ന് ബൂലോഗരും അറിയട്ടെ.

  മറുപടിഇല്ലാതാക്കൂ
 4. ആഭരണം ഇല്ലാതെ നടക്കുന്നതു ഒരു ഭംഗി തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
 5. അവശ്യം വേണ്ട ആഭരണങ്ങള്‍- മൂല്യങ്ങള്‍ -ഇല്ലാതെ വരുമ്പോ ആഭരണങ്ങളെ കൂട്ടു പിടിക്കും...അതൊരു നിത്യ സംഭവമാണല്ലോ!!
  Thank you for stopping here Shahid..

  മറുപടിഇല്ലാതാക്കൂ