2016, ഡിസംബർ 17, ശനിയാഴ്‌ച

അധികം ന്യൂനം

അവിടെ 

എരിഞ്ഞു തീര്‍ന്ന സിഗരറ്റ് വിരലുകള്‍ക്കിടയിലിരുന്ന് പൊള്ളിയപ്പോഴാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്.എപ്പോഴാണ് ആ സിഗരറ്റെടുത്ത് തീ പിടിപ്പിച്ചതെന്ന് അയാള്‍ക്ക് ഓര്‍ക്കാനായില്ല.പുലര്‍ച്ചെ പള്ളിയിലെ ഫജ്റിന്‍റെ ബാന്ക് കേട്ടാണ് അയാള്‍ ഉണര്‍ന്നത്.ഉണര്‍ന്നെന്നു പറയുക ശരിയല്ല.കണ്ണു തുറന്നത് എന്നതാണ് ശരി. ഈയിടെയായി അങ്ങനെയാണ്.ഉറക്കമല്ല.നീങ്ങാത്ത സമയത്തെ പഴിച്ച് വെറുതെ കണ്ണടച്ച് ഉരുണ്ട് മറിഞ്ഞ്..അവള്‍ യാത്രയായിട്ട് മാസങ്ങളേറെയായിട്ടും ഇപ്പോഴും ജ്വലിക്കുന്ന ഓര്‍മ്മയാണവള്‍..
രാത്രികളില്‍ അഞ്ചു വയസുകാരന്‍ മകന്‍ 'അമ്മേ' എന്നു വിളിച്ച് ഉണരുമ്പോള്‍ പിന്നെയും ഉറക്കികിടത്താന്‍ പാടുപെട്ടു.അവള്‍ എങ്ങനെയാണ് അത് എളുപ്പത്തില്‍ ചെയ്തിരുന്നത്?
രാവിലെ അവനെ സ്കൂളില്‍ വിടാന്‍ ഒരുക്കുമ്പോള്‍ അവന്‍റെ ഉടുപ്പുകള്‍ ഇടുവിക്കാനും ബുക്കുകള്‍ ബാഗിലാക്കാനും ഒരുപാട് സമയമെടുത്തു. സ്വന്തം വസ്ത്രങ്ങള്‍ തന്നെ ക്രമത്തില്‍ കിട്ടുന്നില്ല.സോക്സുകള്‍ ഒരിക്കലും അലക്കിയിരുന്നില്ല. മുഷിഞ്ഞ സോക്സുകള്‍ ഷൂസിനകത്തിരുന്ന് പുഴുത്ത് ഗന്ധം പരത്തി തുടങ്ങി.ഇനി പഴയ സോക്സിടില്ലെന്ന് കട്ടായം പറഞ്ഞ് മകന്‍ അതുപേക്ഷിച്ചിട്ട് ദിവസങ്ങളായി. യൂനിഫോം പൂര്‍ണ്ണമല്ലെന്നു പറഞ്ഞുള്ള ടീച്ചറിന്‍റെ പായാരങ്ങള്‍ വന്നില്ല .അവള്‍ ഇല്ലാത്തതു കൊണ്ടാവും.
ചിക്കുന്‍ ഗുനിയ ആയിരുന്നു അവള്‍ പോയ വാഹനം. മൂന്ന് ദിവസത്തോളം അവള്‍ നിര്‍ ത്താതെ ചുമച്ചു. രാത്രികളില്‍ എഴുന്നേറ്റിരുന്ന് ചുമച്ചു.അവള്‍ അത് എപ്പോഴത്തേയും പോലെ നിസാരമാക്കി.അയാളും.നാലാം ദിവസം തീരെ തളര്‍ന്നപ്പോള്‍ ഹോസ്പിറ്റലിലെത്തിച്ചു. പിന്നെയും ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍..ചികിത്സകള്‍ വൃഥാവിലായി. അവള്‍  ശരീരകൂടൊഴിഞ്ഞ് പരലോകത്ത് ചേക്കേറി.
''അല്ലേലും അതൊരു ആവതില്ലാത്തോളായിര്ന്ന് വിഷമിയ്ക്കാതെ''
ആശ്വാസവചനങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നടര്‍ന്നു വീണതു പൊലെ ചുറ്റിനും.
അവളുടെ  ഗന്ധം നിറഞ്ഞു നിന്ന കിടപ്പു മുറിയില്‍,സാന്നിദ്ധ്യമുണ്ടായിരുന്ന അടുക്കളയില്‍ ,കാല്പ്പാടുകള്‍ പതിഞ്ഞ അലക്കുകല്ലിന്‍ ചോട്ടിലെ പുതഞ്ഞ ചെളിയില്‍...എല്ലായിടങ്ങളും പലപ്പോഴും അയാള്‍ അവളെ കണ്ടു.ഒരു മായിക കാഴ്ച! വൈകുന്നേരങ്ങളില്‍ പോര്‍ച്ചിലേക്ക് സ്കൂട്ടറോടിച്ചു കയറ്റുമ്പോള്‍ അടുക്കളയിലെ ഏതോ പണി പാതി വഴിക്കിട്ട് പൂമുഖത്തേയ്ക്കോടിയെത്തിയെന്നു തോന്നി. സാമ്പാറിന്‍റേയും കടുക് വറുത്തതിന്‍റേയും സമ്മിശ്ര ഗന്ധം പേറി പലവട്ടം അവള്‍ തന്നെ കടന്നു പോകുന്നതായും..!!
''മോനേ ഇത്ര നാളായില്ലേ ഇനി മറ്റൊരു ബന്ധം നോക്കണം..ഈ കുട്ടീന്‍റെ കാര്യം നോക്കാനാളു വേണം''
മുതിര്‍ന്ന ഉദേശങ്ങള്‍..
എത്ര നാളെന്നാണ്..മാസങ്ങള്‍ മാത്രം..
പക്ഷേ മകനെ ഭക്ഷണം കഴിപ്പിക്കുന്നതും കുളിപ്പിച്ചൊരുക്കുന്നതും വികൃതിക്കു കൂട്ടു പോകുന്നതും ഉറക്കുന്നതും എന്തിനേറെ സ്വന്തം കാര്യങ്ങള്‍ തന്നെ പരുങ്ങലിലാണ്..
കുളിച്ചിറങ്ങി വരുമ്പോള്‍ വസ്ത്രങ്ങള്‍ക്കായി മുന്‍പ് അവളെ പേരെടുത്ത് ഉറക്കെ വിളിക്കുമായിരുന്നു. അടുക്കളയില്‍ നിന്ന് ഓടി വരുമ്പോള്‍ അവള്‍ കലപില പായാരം പറയാറുണ്ട്. എന്തിനും ഏതിനും അവളെ വിളിക്കുന്നതിന്..
അവള്‍ പോയിക്കഴിഞ്ഞിട്ടും പലവട്ടം അയാള്‍ അങ്ങനെ ആവര്‍ത്തിച്ചിട്ടുണ്ട്. ആരും ഓടിവരാതിരുന്നിട്ടും..
വസ്ത്രങ്ങള്‍ ഇസ്തിരിയിടാതെ ചുളിവു കൂടുന്നു..സഹപ്രവര്‍ത്തകര്‍ അതു ചൂണ്ടിക്കാട്ടി തുടങ്ങി.
വീണ്ടും നിര്‍ദ്ദേശം ''ഇനിയും ഒരു ബന്ധമാവാം..നിനക്ക് ഇതൊന്നും ഒറ്റക്കാവൂല്ല''
കുറേ നേരത്തെ മൗനത്തിനു ശേഷം അയാള്‍ മൂളി
''ങ്ഉം''

ഇവിടെ 


നിറം മങ്ങിയ കുഞ്ഞുടുപ്പ് വെള്ളത്തിലിട്ട് ഉലച്ചു കഴുകുമ്പോള്‍ അവള്‍ ഓര്‍ത്തു. 'എത്ര നാളായി മകള്‍ക്കൊരു ഉടുപ്പ് വാങ്ങിയിട്ട്.' ജവാാനായിരുന്ന ഭര്‍ത്താവ്  അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ മകള്‍ ജനിച്ചിട്ടില്ല. ആയുസ് നിര്‍ണ്ണയിക്കുന്ന തമ്പുരാന്‍ കുറച്ചു സമയം കൂടി  തന്നിരുന്നെന്കില്‍ ..ഇല്ല !എന്നാല്‍ പിന്നേയും കൂട്ടി ചോദിച്ചേക്കും എന്നറിയാം ...മനുഷ്യനല്ലേ!!
ഒരുപാട് പേരു വന്ന് സഹതപിച്ചു പോയി. ഭര്‍തൃ
വീട്ടുകാര്‍ അവളുടെ ദോഷം കൊണ്ടാണെന്ന് പറഞ്ഞു .നാട്ടുകാരും അതേറ്റെടൂത്തു. അതിര്‍ത്തി സംരക്ഷണ സേനയിലെ ജവാനെ ജാതകവശാല്‍ അമരനാക്കാന്‍ കഴിവുള്ള പെണ്‍കുട്ടികളുണ്ടാകുമോ!!?
പിഞ്ചുുമകളുടെ നേര്‍ക്കും ദോഷാരോപണം വന്നപ്പോള്‍
വൃദ്ധരായ മാതാപിതാക്കളുടെ അടുത്തേക്കുള്ള മടക്കം വേഗത്തിലായിരുന്നു.പിന്നെ അല്ലലുകള്‍ക്കിടയില്‍ മകളുടെ വളര്‍ച്ച. അച്ഛന്‍ വീട്ടുകാര് അന്വേഷിക്കാനില്ലാതെ അവള്‍ രണ്ടു വയസ് പൂര്‍ത്തിയാക്കി.
പട്ടിണി യിലേക്ക്  മൂക്കുകുത്തി വീഴുമെന്ന് തോന്നിയപ്പോള്‍ ഭര്‍ത്താവിന്‍റെ ജീവന്‍റെ വിലയുടെ ഒരു പന്കിന് ശ്രമിച്ചു. ജവാന്‍റെ ഭാര്യ എന്നതിന് നിയമപരമായ തെളിവില്ലാത്രേ!
വിദ്യാഭ്യാസം പകുതിയ്ക്കു വച്ചു നിന്നു പോയ അവള്‍ക്ക് ജോലി വേണം വരുമാനം വേണം കുഞ്ഞിനെ വളര്‍ത്തണം. പകച്ചു തുടങ്ങിയ നേരങ്ങളില്‍ ഉപദേശ ശരങ്ങളെത്തി.
''ഒരു വിധവയാണെന്ന കാര്യം മറക്കണ്ടാ നീ മൊതലെടുക്കാനേ ആളു കാണൂ..നോക്കി നടന്നോ''
അവള്‍ ശൂന്യതയിലേക്കു നോക്കി..ഇനിയും കാലം മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
പിന്നത്തെ ഉപദേശം അവളുടെ ശേഷിച്ച ആത്മധൈര്യം കൂടി ചോര്‍ത്തിക്കളഞ്ഞു.
''ഒരാണ്‍ തുണയില്ലാത്തതാ മോളെയും സൂക്ഷിച്ചോ നീ''
ആയുസിന്‍റെ നിര്‍ണ്ണായകനും സര്‍വ്വചരാചരങ്ങളുടേയും സൃഷ്ടികര്‍ത്താവുമായ തമ്പുരാനേ  അവള്‍ക്കും മകള്‍ക്കും വിധിച്ചിരിക്കുന്നത് എന്താണ് ?


2016, ഡിസംബർ 15, വ്യാഴാഴ്‌ച

രാജാക്കന്മാരുുടെ പിന്നില്‍..

അവന്‍ രാജാവും അവള്‍ ഒരു രാജ്ഞിയുമായി. രണ്ടാളുടേയും ജീവിത പന്ഥാവ് ദുര്‍ഘടവും അത്യന്തം ക്ളേശകരവുമായിരുന്നു. വര്‍ഷകാലത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ആ കൂടപ്പിറപ്പുകള്‍ കീറപ്പുതപ്പുുകൊണ്ട് തണുപ്പകറ്റാന്‍ മത്സരിച്ചു.അതേ സമയം ചോരുന്ന വെള്ളം ഒഴുകി പ്പരക്കാതിരിക്കാന്‍ പാത്രങ്ങള്‍ നിരത്തി വയ്ക്കുകയായിരുന്നു അമ്മ. തണുത്ത കാറ്റ് അകത്തേക്ക് വീശിയടിക്കുമ്പോള്‍ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്‍റെ നാളം കെടാതിരിക്കാന്‍ അമ്മ മെലിഞ്ഞ കൈകള്‍ കൊണ്ട് കവചം തീര്‍ത്തിരുന്നു. അമ്മ കിലുകിലെ വിറയ്ക്കുന്നുണ്ടായിരുന്നു.ആകെയുള്ള രണ്ടുടുപ്പുകള്‍ എന്നും അലക്കി വച്ച് അമ്മ വസ്ത്ര ദാരിദ്ര്യം മറവിയിലാക്കി.ഒഴിഞ്ഞ അരി പാത്രത്തിനെ അക്ഷയ പാത്ര മാക്കിയ അമ്മയുടെ ഇന്ദ്രജാലം! പിന്നീടതും അറിഞ്ഞു..അയലത്തെ വലിയവീട്ടില്‍ ഇപ്പോഴും അമ്മ കടക്കാരിയാണ്!!പനിപിടിച്ച നാളുകളില്‍ അമ്മ ഏതു മരുന്നു കൊണ്ടാണ് ഉറക്കം അകറ്റി അവനും അവള്‍ക്കുമൊപ്പം ഉണര്‍ന്നിരുന്നത്?ഒരിക്കലും അമ്മയ്ക്കു മാത്രം പനി വന്നില്ല.അവര്‍ കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ അമ്മയുടെ മക്കളും, മിടുക്കു കാട്ടുമ്പോള്‍ അച്ഛന്‍റെ മക്കളുമായി..പുകയടങ്ങാത്ത അടുപ്പില്‍ ഊതിയൂതി ഉണ്ടാക്കി വച്ച ഭക്ഷണത്തിന്‍റെ സ്വാദിനെ കുറ്റപ്പെടുത്തി അവര്‍ അകന്നപ്പോള്‍ അമ്മ അടുപ്പിനേയും വിറകിനേയും ശകാരിച്ചു.ചുവന്നു കലങ്ങിയ കണ്ണുകള്‍ ആരും കണ്ടില്ല ..വെണ്ണീരു  പുരണ്ട് ചുളിഞ്ഞും തൊലി വിണ്ടു പോയതുമായ ആ കൈകളുടെെ തലോടല്‍ അവര്‍ക്കിഷ്ടമായിരുന്നില്ല.അവരുടെ വാത്സല്യാലിംഗനങ്ങള്‍ക്ക് പുകയുടേയും വിയര്‍പ്പിന്‍റേയും ഗന്ധമുണ്ടെന്നും ഈര്‍പ്പത്തിന്‍റെ മുശിടുമുണ്ടെന്ന് അവര്‍ പറഞ്ഞു.ഉള്ളകങ്ങളില്‍ ആയിരം വട്ടം മകനേയും മകളേയും ആലിംഗനം ചെയ്തും ഓമനിച്ചും മൂര്‍ദ്ധാവില്‍ അനുഗ്രഹത്തിന്‍റെ ഉമ്മകള്‍ നല്‍കിയും മക്കള്‍ വൈകിയെത്തുന്ന വഴികളില്‍ ആകാംക്ഷയുടെ വലിയ സമുദ്രം ഇരമ്പുന്ന കണ്ണുകളുമായി അമ്മ കാത്തു നിന്നു. വിശ ദീകരണത്തിന് അസഹ്യത യുടെ മറുപടി പറഞ്ഞ് അവര്‍ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അവരുടെ വിശക്കുന്ന വയറുകള്‍ അമ്മയെ നൊമ്പരപ്പെടുത്.കാല ചക്ര മുരുണ്ട് മുന്നാക്കം കുതിക്കുമ്പോള്‍ അവര്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിപ്പോയി. നേട്ടങ്ങളില്‍ അഭിമാനം കൊണ്ട് അമ്മ 'എന്‍റെ മക്കള്‍  എന്‍റെ മക്കള്‍ ' എന്നാവര്‍ത്തിച്ചു. മുടിനാരുകളില്‍ വെള്ളി പടര്‍ന്നത് എന്നാണെന്നറിയില്ല, കണ്ണുകളില്‍ തിമിരത്തിന്‍റെ പാട കനത്തത് എന്നാണെന്നറിയില്ല..അടുക്കളയില്‍ അമ്മയുടെ ഇരിപ്പിടം ഒഴിഞ്ഞില്ല.ആദ്യന്തം അമ്മ ഒരേയിടങ്ങളില്‍ തന്നെ..

അവന്‍ രാജാവായപ്പോഴും അവള്‍ രാജ്ഞിയായപ്പോഴും വീട്ടിന്‍റെ അടുക്കളയില്‍  അടുപ്പൂതി തീ പിടിപ്പിക്കുന്ന ശബ്ദ മുണ്ട്..
എണ്ണക്കും കുഴമ്പിനും വഴങ്ങാത്ത സന്ധികള്‍ സ്വൈ്വൈര്യം കെടുത്തിയ കാലുകള്‍ വലിച്ചു വച്ച് അമ്മ നടന്നതിന്‍റെ അവതാളമുണ്ട്..
മച്ചും നോക്കി കിടന്ന നാളിലൊരു ഊര്‍ദ്ധന്‍ വലി നിലയ്ക്കുന്നതിനു മുമ്പ് അമ്മ പറഞ്ഞത്രേ 'എന്‍റെ മക്കളെയൊന്നു കാണണം'...
തിരക്കിന്‍റെ ലഹരിയില്‍ പെട്ട രാജാവേ അങ്ങ് അതറിഞ്ഞിരുന്നുവോ?
രാജ്‌ഞീ അവിടുന്നതറിഞ്ഞിരുവോ?
എന്കിലും കാതിലെ തോടയും പിന്നാമ്പുറത്തെ പറമ്പിന്‍റെ ആധാരവും അമ്മയുടെ  തലയണക്കടിയില്‍ നിന്നും എടുക്കാന്‍ രണ്ടാളും മറന്നില്ലല്ലോ!!
ഇനി ആണ്ടിലൊരു ശ്രാദ്ധം നടത്താന്‍ നിങ്ങള്‍ വന്നേയ്ക്കുമോ?
ഏയ്... കാലശേഷം എന്തിന്?
രാജാക്കന്‍മാരേയും രാജ്ഞികളേയും സൃഷ്ടിച്ചെടുക്കാന്‍ അടുക്കളയുടെ പിന്നാമ്പുറങ്ങളില്‍ ജീവിതം ഹോമിച്ച് വിസ്മൃതിയിലായ അമ്മമാരുടെ പുണ്യത്തിനു മുമ്പില്‍ ഈ വാക്കുകള്‍ സമര്‍പ്പിക്കുന്നു..
''അമ്മേ അവിടുത്തെ കാല്‍ക്കീഴിലാണ് ഞങ്ങളുടെ സ്വര്‍ഗ്ഗം..''

2016, ഡിസംബർ 11, ഞായറാഴ്‌ച

റോള്‍ഡ് ഗോള്‍ഡ്

തിരക്കിട്ടൊരുങ്ങുന്നതിനിടയില്‍ എന്‍റെ കൈയ്യിലെ നീലപളുന്കു മാല അമ്മ പിടിച്ചു വാങ്ങി.
'ഇത് വേണ്ടാ ന്നു പറഞ്ഞില്ലേ അതെട്ത്തിട്''
അമ്മ ആക്രോശിച്ചു.അല്ലെന്കിലും തിരക്കിടുമ്പോള്‍ ഇതാണ് പതിവ് ,അമ്മയുടെ ദേഷ്യം..!
ഒരു ഗ്രാം തന്കത്തില്‍ പൊതിഞ്ഞ മാല ചൂണ്ടിയാണ് അമ്മ പറഞ്ഞത്.അതിടാന്‍ എനിക്കു ഇഷ്ടമേയല്ല. കഴിഞ്ഞ മാസമാണ് അമ്മയുടേയും എന്‍റേയും സ്വര്‍ണ്ണാഭരണങ്ങളെല്ലാം അച്ചന്‍ പണയപ്പെടുത്തിയത് ,വീടിന്‍റെ ആവശ്യത്തിന്.
''എത്രോര് വരുംന്നറിയാമോ ബന്തുക്കളെല്ലാം കാണും അതിനെടേല് ഒരുതരിസ്വര്‍ണ്ണല്ലാതെ നാണക്കേട്..നീയിതിട്''അമ്മ  നിര്‍ബ്ബന്ധിക്കുന്നു.
'' അതിനിത് സ്വര്‍ണ്ണല്ലല്ലോ'' ഞാന്‍ തര്‍ക്കിച്ചു നോക്കി.
''സ്വര്‍ണ്ണം പോല തന്നല്ലേ..ഇടിട്..''
അമ്മ വീണ്ടും മുഖം കടുപ്പിച്ചു. മനസ്സില്ലാമനസ്സോടെ ആ മാലയെടുത്തിട്ട് അമ്മയ്ക്കൊപ്പം ഇറങ്ങി. രണ്ടു നാള്‍ക്കുള്ളില്‍  കൊച്ചുമാമന്‍റെ കല്യാണമാണ്.അതിന് അമ്മ വീട്ടിലേക്കുള്ള പോക്കാണിത്. അമ്മയുംഅണിഞ്ഞിരിക്കുന്ന മാലയും വളയും ഒക്കെ സ്വര്‍ണ്ണം പൂശിയതാണ്. എന്തിനാണീ വേണ്ടാതീനം എന്ന് ഞാന്‍ യാത്രയില്‍ മൊത്തം ആലോചിച്ചു.സ്വര്‍ണ്ണമല്ല പക്ഷേ സ്വര്‍ണ്ണം പോലെ തോന്നണമത്രേ!ആര്‍ക്കു തോന്നണമെന്നാണ്? അഥവാ തോന്നിയാലും എന്താ നമുക്ക് ലാഭം!!ഞാന്‍ കൂടെക്കൂടെ ചിന്തിച്ചു.
''എന്താടീ സുമേ നീ മാത്രം വന്നത്? അജിത്തെവിടെപ്പോയി?''
ചെന്നയുടനെ പിടിച്ച പിടിയാലെ ഗിരിജ വല്യമ്മ ചോദിച്ചു.
''അജിച്ചേട്ടന്‍ ബിസിനസ് ടൂറിലാ..മറ്റന്നാളേ എത്തൂ.  കല്യാണത്തിന്‍റന്നുണ്ടാവും''അമ്മ നിര്‍ല്ലോഭം കള്ളം പറയുകയാണ്.
''അമ്മ വീട്ടുകാരുമായി പിണക്കത്തിലായതുകൊണ്ട് അച്ഛന്‍ മനപ്പൂര്‍വ്വം വരാതെ വീട്ടിലിരിയ്ക്കുകയാണ്.മൂന്നു ദിവസം അച്ഛന്‍ ചില കൂട്ടുകാരോടൊപ്പം.....
''അമ്മാ അച്ഛന്‍ വീട്ടിലുണ്ടല്ലോ ,പിന്നെന്തിനാ''
ഞാന്‍ പതിയെ തിരക്കി.
''ശ് ശ് ആരു ചോദിച്ചാലും അച്ഛന്‍  ബിസിനസ് ടൂറിലാന്നേ പറയാവൂ''അമ്മ എന്‍റെ കൈത്തണ്ടയില്‍ ഒന്നു പിച്ചി പിന്നെ പല്ലു കടിച്ച് എതിരേ വരുന്ന സുധാമ്മായിയെ നോക്കി പു റമേ ഒരു ചിരി വരച്ച് പറഞ്ഞു..തുടര്‍ച്ചയെന്ന വണ്ണം
''......അയ്യോ നാത്തൂനെ ക്ഷീണിച്ചു പോയല്ലോ ''എന്നു പറഞ്ഞ് അവരോടൊപ്പം പോയിി. സുധാമ്മായിയുടെ കണ്ണുകള്‍ എന്‍റെയും അമ്മയുടേയും ആഭരണങ്ങളില്‍ ഓട്ട പ്രതിക്ഷണം നടത്തിയത് കണ്ടു.അമ്മയുടെ വീതിയേറിയ 'അപരസ്വര്‍ണ്ണ'ത്തിനെ അസൂയയോടെ നോക്കി അമ്മായി ചോദിക്കുന്നു.
''ഇതെത്ര പവനൊണ്ടെെടീ''
''അഞ്ചൊണ്ട് നാത്തൂനേ'' അമ്മ യാതോരു ഭാവഭേദവുമില്ലാതെ പറഞ്ഞു.
ങ്ഹേ!! അമ്മ എന്തായീ പറയുന്നത്!!
ഞാന്‍ അതിശയത്തോടെ അമ്മയുടെ പോക്കു നോക്കി നിന്നു.അപര്‍ണ്ണയും അശ്വതിയും ഒക്കെ കൂടിയിരുന്ന് കളിക്കുന്നതിനൊപ്പം കൂടി.അപ്പോഴാണ് അടുത്ത സുനാമി വന്നത് അത് അപ്പച്ചിയായിരുന്നു.
''പരീക്ഷക്ക് മാര്‍ക്കൊക്കെ എങ്ങനുണ്ട് മായ മോളേ''
അതൊരു കനത്ത ചോദ്യമായിരുന്നു.പരീക്ഷയുടെ മാര്‍ക്കിനെക്കുറിച്ച് ഓര്‍ത്താല്‍ എനിക്കു തന്നെ തമാശയാണ്. പക്ഷേ ഇത്തവണയും അമ്മ രക്ഷിച്ചു.
''നല്ല മാര്‍ക്കുണ്ട്..ക്ളാസ് ഫസ്റ്റ് ആണ്''
ങ്ഹേ!!!
ക്ളാസ്ഫസ്റ്റ് എനിക്കോ?!!!
അതിനടുത്തെത്താന്‍ തന്നെ പത്തുപന്ത്രണ്ട് മാര്‍ക്കിന്‍റെ ദൂരം ഓരോ വിഷയത്തിനും ഇനിയും താണ്ടണം..അപ്പോഴാണ്..!
അച്ഛന്‍റൊപ്പം ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ അച്ഛന്‍ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു.സ്കൂള്‍ബസ് ഇന്നും കിട്ടിയില്ല ,അതു കാരണം വൈകി..ടീച്ചറിന്‍റെ വഴക്കു കേള്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ഞാന്‍ .
''അയ്യോ ഞാന്‍ സ്ഥലത്തില്ലല്ലോ..ഡല്ലീലാണ് ഇപ്പോ നാളെയേ എത്തൂൂ'' അച്ഛന്‍ പറയുന്നു.
ഡല്‍ഹി! അവിടെ അച്ഛന്‍ പോയിട്ടുള്ളതായി ഒരറിവും എനിക്കില്ല.
കഴിഞ്ഞ ആഴ്ച്ച അച്ഛന്‍ ലീവെടുത്തത് പനിയാണെന്നു പറഞ്ഞാണ്. അന്ന് അച്ഛന്‍ സുഹ്യത്തുക്കളോടൊപ്പം പിക്നിക്കിന് പോയിരുന്നു .
ടീച്ചര്‍ തിരക്കി ''മായ എന്താ ലേറ്റായത്?''
''അച്ഛന്‍ ഡല്ലീലായിരുന്നു രാവിലെ വന്നേയുള്ളൂ അതോണ്ട്..''
ഞാന്‍ പറഞ്ഞു.
പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടി . മാര്‍ക്ക് കുറഞ്ഞവരെല്ലാം അച്ഛനേയോ അമ്മയേയോ കൊണ്ടു സ്കൂളില്‍ ചെല്ലണം. അമ്മ വരില്ല.ആദിത്യന്‍റെ അമ്മ എന്‍റമ്മയുടെ കൂട്ടുകാരിയാണ്. ആദിത്യന് എല്ലാത്തിനും ഫുള്‍ മാര്‍ക്കാണ്.അതിനാല്‍ നാണക്കേടു കാരണം അമ്മ വരില്ല. അച്ഛന്‍ തീരെയും.അതുകൊണ്ടു പറഞ്ഞു
''ടീച്ചര്‍ എന്‍റച്ഛന് സുഖമില്ല ,ഹോസ്പിറ്റലിലാണ്. അതോണ്ട് അച്ചനുമമ്മയും വരൂല്ല''
ടീച്ചര്‍ ശരി പറഞ്ഞിരുത്തി.
''എടീ നിനക്ക് പ്രോഗ്രസ് കാര്‍ഡ് കിട്ടീലെ..'' അമ്മ ക്രുദ്ധയായി.
''ഇല്ല'' ഞാന്‍  പറഞ്ഞു
''സത്യം പറയെടീ കിട്ടീലെ?''
''ഇല്ല. ടീച്ചറ് ഡല്ലീപ്പോയി''
''ഡല്ലീലോ..സത്യം തന്നേ?''
ഞാന്‍ ആണെന്നു തലയാട്ടി.അമ്മയുടെ അഞ്ചു പവന്‍റെ 'അപരസ്വര്‍ണ്ണം' കഴുത്തില്‍ ക്ളാവു പടര്‍ത്തുന്നതില്‍ ആവലാതി പറഞ്ഞ് അമ്മ പോകുമ്പോള്‍ സത്യം എവിടെയെല്ലാമോ കുരുങ്ങി ക്കിടന്ന് തുറന്നുവിടാന്‍ ശബ്ദമില്ലാതെ ആവശ്യപ്പെട്ടു.


2011, ഫെബ്രുവരി 2, ബുധനാഴ്‌ച

മാഞ്ഞു പോയ ശ്രവ്യ ചന്ദ്രികക്ക് ആദരാഞ്ജലി.....
ഇത് ആകാശ വാണി അനന്തപുരി എഫ് എം ഇരുപത്തി മൂന്നാം തീയതി രാവിലെ പത്തരക്ക് പ്രക്ഷേപണം ചെയ്ത പരിപാടിയുടെ തലക്കെട്ട്‌. ഈ ബ്ലോഗിന് വേണ്ടി ഞാന്‍ അത് കടമെടുക്കുന്നു. പ്രശസ്തനായ sports commentator ഉം broadcaster ഉം ആകാശവാണി asistant station director ഉം ആയിരുന്ന സതീഷ്‌ ചന്ദ്രന്‍ sir നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു...''A man at the next door'' എന്നാണ് അദ്ദേഹത്തെ കുറിച്ച് പറയാന്‍ഞാന്‍ താല്‍പ്പര്യപ്പെടുന്നത്. Sir അത്ര മാത്രം സഹൃദയനായിരുന്നു, നര്‍മവും ലളിത ചിന്തകളും അദ്ദേഹത്തെ അല്‍പ്പം കൂടി വ്യത്യസ്തനാക്കി ..
കുട്ടിക്കാലത്ത് റേഡിയോ യില്‍ ആദരവോടെ കേള്‍ക്കുമായിരുന്ന sports commentry യുടെ മനോഹര ശബ്ദത്തിന്റെ ഈ ഉടമയെ ഞാന്‍ നേരിട്ട് കാണുന്നത് ആകാശവാണിയില്‍ announcer ആയി ചേര്‍ന്നപ്പോള്‍ ആയിരുന്നു . Audition
test നടക്കുമ്പോള്‍ എന്നോട് ചോദ്യങ്ങള്‍ ചോദിച്ച ആ ശബ്ദം സതീഷ്‌ ചന്ദ്രന്‍ sir ന്റെ യാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയ സന്തോഷം അതിലേറെയാണ് നേരിട്ട് കണ്ടപ്പോള്‍ തോന്നിയത്.ഒരുപക്ഷെ ഗൃഹാതുരത ഉണര്‍ത്തുന്ന എന്‍റെ റേഡിയോ ഓര്‍മകളുടെ ശബ്ദം sir ന്റെതായിരുന്നു. ഒരിക്കല്‍ റേഡിയോ യില്‍ എന്‍റെ ശബ്ദം കേള്‍പ്പിക്കാനുള്ള ആഗ്രഹത്തിന്റെ പിറകെയാണ് ഞാന്‍ audition test നു പോയത്roll model എന്ന് ഞാന്‍ കരുതിയിരുന്നതും sir നെ ആയിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ഒരു സ്വകാര്യ നഷ്ടമായി മാറുവാന്‍ കാരണങ്ങള്‍ ഉണ്ടോ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തു നോക്കിയിട്ടുണ്ട്.കാരണം , മരണവാര്‍ത്ത റേഡിയോ യില്‍ നിന്ന് തന്നെ കേട്ടപ്പോള്‍ മുതല്‍ ഞാന്‍ പലവട്ടം പറഞ്ഞു..'അനാവശ്യമായ മരണം !' പ്രകൃതിയുടെ കണക്കു കൂട്ടലുകളെ വിമര്‍ശിക്കാന്‍ ഞാന്‍ ആരുമല്ല. എങ്കിലും ഈ മരണത്തെ കുറിച്ച് ഞാന്‍ പറയുന്നത് അത് മാത്രമാണ്.
Audition കഴിഞ്ഞു ട്രെയിനിംഗ് നടക്കുമ്പോള്‍ എല്ലാ ദിവസവും sir ഞങ്ങളോടൊപ്പം കുറച്ചു നേരം ചെലവഴിച്ചിരുന്നു.അപ്പോഴെല്ലാം ആകാശവാണി യില്‍ സേവനമനുഷ്ടിച്ച കാലങ്ങളിലെ അനുഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞു ഞങ്ങളോട് പറയുമായിരുന്നു. എന്നും ചിരിയുടെ ദിവസങ്ങള്‍... !! അക്കൂട്ടത്തില്‍ പറഞ്ഞു പോയ ഒരു തമാശയുണ്ട്, ''എനിക്കിനി ഒരിടത്തോട്ടും transfer ഇല്ല ദൈവം തമ്പുരാന്‍ തട്ടിയാല്‍ അല്ലാതെ '' ആ തമാശക്ക് മാത്രം ഞാന്‍ ചിരിച്ചില്ല പകരം ഞാനും അടുത്തിരുന്ന എന്‍റെ സുഹൃത്തും മുഖത്തോടു മുഖം നോക്കി .അപ്പോള്‍ അദ്ദേഹം ആരോഗ്യപ്രശ്നങ്ങളില്‍ പെട്ടിരിക്കുന്നു എന്ന് എന്‍റെയുള്ളിലെ doctor മനസ്സിലാക്കി.
ജനുവരി ഇരുപത്തി രണ്ടാം തീയതി രാവിലെ ഏഴു മണിക്കുള്ള അനന്തപുരി എഫ് എം വാര്‍ത്ത‍ യില്‍ ആണ് ഞാന്‍ sir മരണപ്പെട്ടത് അറിയുന്നത്. ഒന്ന് സ്തബ്ധയായി എന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. ഒപ്പം വര്‍ക്ക്‌ ചെയ്യുന്ന announcer കൂട്ടുകാരെ വിളിച്ചു നോക്കി , ഞാന്‍ വിളിച്ചവരെല്ലാം അറിയുന്നത് ഞാന്‍ പറയുമ്പോള്‍..അത് അല്പം കൂടിസങ്കടം ഉളവാക്കി. അഞ്ജന, വിദ്യ, ദിവ്യ...അവരുടെയെല്ലാം പ്രതികരണം പല പ്രകാരത്തില്‍...!!! വീട്ടില്‍ അച്ഛനും അമ്മയും ദിപുഎട്ടനും (husband)ആ വാര്‍ത്തയില്‍ ദുഖത്തോടെ എന്നോടൊപ്പം കൂടിയപ്പോള്‍ ആ വേര്‍പാട് തീരാ നഷ്ട മാവുകയാണ് എന്ന് ഞാന്‍ മനസ്സിലാക്കി. എല്ലാവരോടും ഞാന്‍ sir പറഞ്ഞ ഇഷ്ടപ്പെടാത്ത തമാശ യെ കുറിച്ച് പറഞ്ഞു.
എനിക്ക് sir നെ അടുത്ത പരിചയമൊന്നുമില്ല .പക്ഷെ റേഡിയോ യില്‍ കേട്ട് കേട്ട് ചിരപരിചിതനായിരുന്നു എനിക്ക്. ഞാന്‍ ആകാശവാണി യില്‍ കയറിയതിനു ശേഷം ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ ; പക്ഷെ എനിക്ക് ഗുരുസ്ഥാനീയരായി തോന്നുന്നവരോട് നേരിട്ട് പോയി സംസാരിക്കാനുള്ള എന്‍റെ സങ്കോചംആ അവസരങ്ങള്‍ ഇല്ലാതാക്കി...അതെക്കുറിച്ച് ഞാനിപ്പോള്‍ നിരാശയോടെ ഓര്‍ക്കുന്നു. ഞാന്‍ ചെയ്ത announcements ന്റെ റെക്കോര്‍ഡ്‌ sir നെ കേള്‍പ്പിക്കണം എന്നും അഭിപ്രായം അറിയണമെന്നും ആഗ്രഹിച്ചതാണ്‌. എന്‍റെ ആരോടും ഇടിച്ചു കയറി മിണ്ടുന്നതിലെ സങ്കോചം അത് സാധ്യമക്കിയില്ല.ഇപ്പോള്‍ ആണ് sir ന്റെ മരണം എനിക്ക് സ്വകാര്യ ദുഖമാകുന്നത്.
Adam Sandler ന്റെ Click എന്ന സിനിമ യില്‍ കണ്ടതുപോലെ ഒരു universal remote controller വേണമെന്ന് തോന്നുന്നത് ഇപ്പോഴാണ്‌. അതുണ്ടായിരുന്നു എങ്കില്‍ ഒന്ന് rewind ചെയ്തു പിന്നിലേക്ക്‌ പോയി, അവിടെ ആകാശവാണി എഫ് എം ഓഫീസിലെ sir ന്റെ കാബിന്‍ ന്റെ ഗ്ലാസ്ഡോര്‍ തുറന്നു അകത്തേക്ക്... അവിടെ സതീഷ്‌ sir അല്‍പ്പം തിരക്കിലാണോ ? ഒന്ന് സംശയിച്ചു നിന്നപ്പോള്‍ ''വരൂ'' sir വിളിച്ചു. പേര് പറഞ്ഞപ്പോള്‍ sir ഓര്‍ത്തു ''ഓ ഡോക്ടര്‍ '' റെക്കോര്‍ഡ്‌ കേട്ട് കഴിഞ്ഞു sir പറഞ്ഞു ''ഇനിയും മെച്ചപ്പെടാന്‍ ഉണ്ട്''
...........................................................................................................................................
പക്ഷെ അങ്ങനെ ഒരു remote controller ഇല്ലല്ലോ .എന്‍റെ കയ്യില്‍ ആ റെക്കോര്‍ഡ്‌ ആരുടെയെന്നില്ലാതെ അഭിപ്രായവും കാത്തിരിക്കുന്നു.
ഇരുപത്തിമൂന്നാം തീയതി ഉച്ചക്ക് രണ്ടു മണിക്കാണ് sir ന്റെ ഭൌതിക ശരീരം ആകാശവാണിയില്‍ പൊതു ദര്‍ശനത്തിനു വച്ചത്. രാവിലെ ആകാശവാണി യിലേക്ക് പോകുമ്പോള്‍ കാറിലെ റേഡിയോ യില്‍ sir നെ കുറിച്ചുള്ള പരിപാടി. .അരമണിക്കൂര്‍ശ്വാസം അടക്കിപ്പിടിച്ചിരുന്നു.
'പറയുവാനുണ്ട് ധാരാളം ..സന്ധ്യ മയങ്ങുന്നു. എനിക്ക് അല്‍പ്പ നേരം ഒറ്റക്കിരിക്കണം എനിക്ക് പറയുവാനുള്ളത് നാളത്തെ പത്രത്തില്‍ വായിക്കാം'' പരിപാടി അവസാനിച്ചത്‌ ഇങ്ങനെ . അത് കേട്ടപ്പോള്‍ ഉള്ളില്‍ തങ്ങി നിന്ന സങ്കടം നിശബ്ദമായ കരച്ചിലായി. ഒപ്പമുണ്ടായിരുന്ന ദിപുഎട്ടന്റെ കണ്ണുകളിലെ നനവ്‌ അദ്ദേഹം ഒരു മഹാരഥന്‍ ആണെന്ന് ഉറപ്പിക്കുന്നതായിരുണ്ണ്‍
നേരെ sir ന്റെ വീട്ടിലേക്കു പോയി. മനോഹരമായ ആവീട്ടില്‍ ഉണരാത്ത ഉറക്കത്തില്‍ സതീഷ്‌ sir. '' ദൈവം തമ്പുരാന്‍ എന്നെ തട്ടി എനിക്ക് transfer ആയി ...'' എന്ന് എന്നോട് പറയുന്നത് പോലെ തോന്നി. sir ന്റെ ചിരി ..
മരണത്തെ തമാശ പറഞ്ഞു തോല്പ്പിക്കാതെ ഒപ്പം കൂട്ടുകൂടി ഞങ്ങളെ പറ്റിച്ചു പോയി ഇപ്പോള്‍ നമുക്കിടയിലെവിടെയോ സൂക്ഷ്മ ശരീര- omnipotent-മായി മാത്രം നില്‍ക്കുന്ന sir... ഞാന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഖേദപൂര്‍വ്വം മാത്രം ഓര്‍ക്കാനാണ് ഈ ബ്ലോഗ്‌.. ഒരുപക്ഷെ ഇത് പോലെ മറ്റാരെങ്കിലും കരുതുന്നുണ്ടാവുമോ? rewind ചെയ്തു ഭൂതകാലത്തിലേക്ക് പോകാന്‍ കഴിയുന്ന ഒരു remote controller നെ കുറിച്ച് ചിന്തിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ഈ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു.
സ്നേഹപൂര്‍വ്വം അനന്തപുരി എഫ് എം casual announcer Dr. Anisha