2016, ഡിസംബർ 17, ശനിയാഴ്‌ച

അധികം ന്യൂനം

അവിടെ 

എരിഞ്ഞു തീര്‍ന്ന സിഗരറ്റ് വിരലുകള്‍ക്കിടയിലിരുന്ന് പൊള്ളിയപ്പോഴാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്.എപ്പോഴാണ് ആ സിഗരറ്റെടുത്ത് തീ പിടിപ്പിച്ചതെന്ന് അയാള്‍ക്ക് ഓര്‍ക്കാനായില്ല.പുലര്‍ച്ചെ പള്ളിയിലെ ഫജ്റിന്‍റെ ബാന്ക് കേട്ടാണ് അയാള്‍ ഉണര്‍ന്നത്.ഉണര്‍ന്നെന്നു പറയുക ശരിയല്ല.കണ്ണു തുറന്നത് എന്നതാണ് ശരി. ഈയിടെയായി അങ്ങനെയാണ്.ഉറക്കമല്ല.നീങ്ങാത്ത സമയത്തെ പഴിച്ച് വെറുതെ കണ്ണടച്ച് ഉരുണ്ട് മറിഞ്ഞ്..അവള്‍ യാത്രയായിട്ട് മാസങ്ങളേറെയായിട്ടും ഇപ്പോഴും ജ്വലിക്കുന്ന ഓര്‍മ്മയാണവള്‍..
രാത്രികളില്‍ അഞ്ചു വയസുകാരന്‍ മകന്‍ 'അമ്മേ' എന്നു വിളിച്ച് ഉണരുമ്പോള്‍ പിന്നെയും ഉറക്കികിടത്താന്‍ പാടുപെട്ടു.അവള്‍ എങ്ങനെയാണ് അത് എളുപ്പത്തില്‍ ചെയ്തിരുന്നത്?
രാവിലെ അവനെ സ്കൂളില്‍ വിടാന്‍ ഒരുക്കുമ്പോള്‍ അവന്‍റെ ഉടുപ്പുകള്‍ ഇടുവിക്കാനും ബുക്കുകള്‍ ബാഗിലാക്കാനും ഒരുപാട് സമയമെടുത്തു. സ്വന്തം വസ്ത്രങ്ങള്‍ തന്നെ ക്രമത്തില്‍ കിട്ടുന്നില്ല.സോക്സുകള്‍ ഒരിക്കലും അലക്കിയിരുന്നില്ല. മുഷിഞ്ഞ സോക്സുകള്‍ ഷൂസിനകത്തിരുന്ന് പുഴുത്ത് ഗന്ധം പരത്തി തുടങ്ങി.ഇനി പഴയ സോക്സിടില്ലെന്ന് കട്ടായം പറഞ്ഞ് മകന്‍ അതുപേക്ഷിച്ചിട്ട് ദിവസങ്ങളായി. യൂനിഫോം പൂര്‍ണ്ണമല്ലെന്നു പറഞ്ഞുള്ള ടീച്ചറിന്‍റെ പായാരങ്ങള്‍ വന്നില്ല .അവള്‍ ഇല്ലാത്തതു കൊണ്ടാവും.
ചിക്കുന്‍ ഗുനിയ ആയിരുന്നു അവള്‍ പോയ വാഹനം. മൂന്ന് ദിവസത്തോളം അവള്‍ നിര്‍ ത്താതെ ചുമച്ചു. രാത്രികളില്‍ എഴുന്നേറ്റിരുന്ന് ചുമച്ചു.അവള്‍ അത് എപ്പോഴത്തേയും പോലെ നിസാരമാക്കി.അയാളും.നാലാം ദിവസം തീരെ തളര്‍ന്നപ്പോള്‍ ഹോസ്പിറ്റലിലെത്തിച്ചു. പിന്നെയും ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തില്‍..ചികിത്സകള്‍ വൃഥാവിലായി. അവള്‍  ശരീരകൂടൊഴിഞ്ഞ് പരലോകത്ത് ചേക്കേറി.
''അല്ലേലും അതൊരു ആവതില്ലാത്തോളായിര്ന്ന് വിഷമിയ്ക്കാതെ''
ആശ്വാസവചനങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നടര്‍ന്നു വീണതു പൊലെ ചുറ്റിനും.
അവളുടെ  ഗന്ധം നിറഞ്ഞു നിന്ന കിടപ്പു മുറിയില്‍,സാന്നിദ്ധ്യമുണ്ടായിരുന്ന അടുക്കളയില്‍ ,കാല്പ്പാടുകള്‍ പതിഞ്ഞ അലക്കുകല്ലിന്‍ ചോട്ടിലെ പുതഞ്ഞ ചെളിയില്‍...എല്ലായിടങ്ങളും പലപ്പോഴും അയാള്‍ അവളെ കണ്ടു.ഒരു മായിക കാഴ്ച! വൈകുന്നേരങ്ങളില്‍ പോര്‍ച്ചിലേക്ക് സ്കൂട്ടറോടിച്ചു കയറ്റുമ്പോള്‍ അടുക്കളയിലെ ഏതോ പണി പാതി വഴിക്കിട്ട് പൂമുഖത്തേയ്ക്കോടിയെത്തിയെന്നു തോന്നി. സാമ്പാറിന്‍റേയും കടുക് വറുത്തതിന്‍റേയും സമ്മിശ്ര ഗന്ധം പേറി പലവട്ടം അവള്‍ തന്നെ കടന്നു പോകുന്നതായും..!!
''മോനേ ഇത്ര നാളായില്ലേ ഇനി മറ്റൊരു ബന്ധം നോക്കണം..ഈ കുട്ടീന്‍റെ കാര്യം നോക്കാനാളു വേണം''
മുതിര്‍ന്ന ഉദേശങ്ങള്‍..
എത്ര നാളെന്നാണ്..മാസങ്ങള്‍ മാത്രം..
പക്ഷേ മകനെ ഭക്ഷണം കഴിപ്പിക്കുന്നതും കുളിപ്പിച്ചൊരുക്കുന്നതും വികൃതിക്കു കൂട്ടു പോകുന്നതും ഉറക്കുന്നതും എന്തിനേറെ സ്വന്തം കാര്യങ്ങള്‍ തന്നെ പരുങ്ങലിലാണ്..
കുളിച്ചിറങ്ങി വരുമ്പോള്‍ വസ്ത്രങ്ങള്‍ക്കായി മുന്‍പ് അവളെ പേരെടുത്ത് ഉറക്കെ വിളിക്കുമായിരുന്നു. അടുക്കളയില്‍ നിന്ന് ഓടി വരുമ്പോള്‍ അവള്‍ കലപില പായാരം പറയാറുണ്ട്. എന്തിനും ഏതിനും അവളെ വിളിക്കുന്നതിന്..
അവള്‍ പോയിക്കഴിഞ്ഞിട്ടും പലവട്ടം അയാള്‍ അങ്ങനെ ആവര്‍ത്തിച്ചിട്ടുണ്ട്. ആരും ഓടിവരാതിരുന്നിട്ടും..
വസ്ത്രങ്ങള്‍ ഇസ്തിരിയിടാതെ ചുളിവു കൂടുന്നു..സഹപ്രവര്‍ത്തകര്‍ അതു ചൂണ്ടിക്കാട്ടി തുടങ്ങി.
വീണ്ടും നിര്‍ദ്ദേശം ''ഇനിയും ഒരു ബന്ധമാവാം..നിനക്ക് ഇതൊന്നും ഒറ്റക്കാവൂല്ല''
കുറേ നേരത്തെ മൗനത്തിനു ശേഷം അയാള്‍ മൂളി
''ങ്ഉം''

ഇവിടെ 


നിറം മങ്ങിയ കുഞ്ഞുടുപ്പ് വെള്ളത്തിലിട്ട് ഉലച്ചു കഴുകുമ്പോള്‍ അവള്‍ ഓര്‍ത്തു. 'എത്ര നാളായി മകള്‍ക്കൊരു ഉടുപ്പ് വാങ്ങിയിട്ട്.' ജവാാനായിരുന്ന ഭര്‍ത്താവ്  അതിര്‍ത്തിയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ മകള്‍ ജനിച്ചിട്ടില്ല. ആയുസ് നിര്‍ണ്ണയിക്കുന്ന തമ്പുരാന്‍ കുറച്ചു സമയം കൂടി  തന്നിരുന്നെന്കില്‍ ..ഇല്ല !എന്നാല്‍ പിന്നേയും കൂട്ടി ചോദിച്ചേക്കും എന്നറിയാം ...മനുഷ്യനല്ലേ!!
ഒരുപാട് പേരു വന്ന് സഹതപിച്ചു പോയി. ഭര്‍തൃ
വീട്ടുകാര്‍ അവളുടെ ദോഷം കൊണ്ടാണെന്ന് പറഞ്ഞു .നാട്ടുകാരും അതേറ്റെടൂത്തു. അതിര്‍ത്തി സംരക്ഷണ സേനയിലെ ജവാനെ ജാതകവശാല്‍ അമരനാക്കാന്‍ കഴിവുള്ള പെണ്‍കുട്ടികളുണ്ടാകുമോ!!?
പിഞ്ചുുമകളുടെ നേര്‍ക്കും ദോഷാരോപണം വന്നപ്പോള്‍
വൃദ്ധരായ മാതാപിതാക്കളുടെ അടുത്തേക്കുള്ള മടക്കം വേഗത്തിലായിരുന്നു.പിന്നെ അല്ലലുകള്‍ക്കിടയില്‍ മകളുടെ വളര്‍ച്ച. അച്ഛന്‍ വീട്ടുകാര് അന്വേഷിക്കാനില്ലാതെ അവള്‍ രണ്ടു വയസ് പൂര്‍ത്തിയാക്കി.
പട്ടിണി യിലേക്ക്  മൂക്കുകുത്തി വീഴുമെന്ന് തോന്നിയപ്പോള്‍ ഭര്‍ത്താവിന്‍റെ ജീവന്‍റെ വിലയുടെ ഒരു പന്കിന് ശ്രമിച്ചു. ജവാന്‍റെ ഭാര്യ എന്നതിന് നിയമപരമായ തെളിവില്ലാത്രേ!
വിദ്യാഭ്യാസം പകുതിയ്ക്കു വച്ചു നിന്നു പോയ അവള്‍ക്ക് ജോലി വേണം വരുമാനം വേണം കുഞ്ഞിനെ വളര്‍ത്തണം. പകച്ചു തുടങ്ങിയ നേരങ്ങളില്‍ ഉപദേശ ശരങ്ങളെത്തി.
''ഒരു വിധവയാണെന്ന കാര്യം മറക്കണ്ടാ നീ മൊതലെടുക്കാനേ ആളു കാണൂ..നോക്കി നടന്നോ''
അവള്‍ ശൂന്യതയിലേക്കു നോക്കി..ഇനിയും കാലം മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.
പിന്നത്തെ ഉപദേശം അവളുടെ ശേഷിച്ച ആത്മധൈര്യം കൂടി ചോര്‍ത്തിക്കളഞ്ഞു.
''ഒരാണ്‍ തുണയില്ലാത്തതാ മോളെയും സൂക്ഷിച്ചോ നീ''
ആയുസിന്‍റെ നിര്‍ണ്ണായകനും സര്‍വ്വചരാചരങ്ങളുടേയും സൃഷ്ടികര്‍ത്താവുമായ തമ്പുരാനേ  അവള്‍ക്കും മകള്‍ക്കും വിധിച്ചിരിക്കുന്നത് എന്താണ് ?


8 അഭിപ്രായങ്ങൾ:

  1. അവിടെ നല്ലതായി തോന്നി.ഇവിടെ അത്ര പോരാന്നൊരു തോന്നൽ.രണ്ടറ്റവും കൂടിയങ്ങ്‌ കൂട്ടിമുട്ടിച്ചാലോ?!?!?!?

    മറുപടിഇല്ലാതാക്കൂ

  2. അല്‍പ്പം ഫെമിനിസമായിരുന്നു ഉദ്ദേശം..വിവാഹബന്ധങ്ങളിലെ സ്ത്രീപുരുഷ അസമത്വം, പുനര്‍വിവാഹത്തിലേക്കുള്ള വഴികളിലെ വേര്‍തിരിവ്..അതൊക്കെയായിരുന്നു എഴുത്തിനു പിന്നില്‍....കൂട്ടി മുട്ടിക്കണമെന്നുണ്ട് ...!!
    വായിച്ചതില്‍ വളരെ സന്തോഷം ..നന്ദി സുധി..

    മറുപടിഇല്ലാതാക്കൂ
  3. I didn't feel it has anything to do with feminism...By the way what do you mean by that...'FEMINISM'..
    The story, as I know...Has some resemblance with a real life incident ....Felt it is leaving the readers to assume a lot...Good work..

    മറുപടിഇല്ലാതാക്കൂ
  4. By the way....The 'Ayal' didn't smoke... Instead was praying before the critical ICU....He got his beloved wife and child back...He drives a car...And not a scooter...

    മറുപടിഇല്ലാതാക്കൂ
  5. Yes really!! Always creativity adopts hints from real life incidents..but not as the exact..this is written from the 'if not game 'that we all do in life..!! Thank you for the comments and time..

    മറുപടിഇല്ലാതാക്കൂ
  6. Yes really!! Always creativity adopts hints from real life incidents..but not as the exact..this is written from the 'if not game 'that we all do in life..!! Thank you for the comments and time..

    മറുപടിഇല്ലാതാക്കൂ
  7. എന്നാ ഡോക്ടറെ,എഴുത്ത് നിര്‍ത്തിയോ?

    മറുപടിഇല്ലാതാക്കൂ